യുപിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് പണം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ട്; റിപ്പോർട്ടുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

single-img
27 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഉത്തർ പ്രദേശിലെ പ്രക്ഷോഭങ്ങൾക്ക് പണം നല്‍കുന്നത് കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന്(പിഎഫ്ഐ) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് നിയമപ്രകാരം 2018 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.

സമീപത്തായി പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്‍റില്‍ പാസാക്കിയതിന് ശേഷം പടിഞ്ഞാറന്‍ യുപിയിലെ വിവിധ ബാങ്കുകളില്‍ പോപ്പലര്‍ ഫ്രണ്ട് 120 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള പണമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് ഉപയോഗിക്കുന്നതെന്നും ഇഡി അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.

സിഎഎ നിലവിൽ വന്ന ശേഷം യുപിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് കാരണം പോപ്പുലര്‍ ഫ്രണ്ടാണെന്ന് യുപി പോലീസ് നേരത്തെ ആരോപിക്കുകയും സംഘടനയെ നിരോധിക്കാനുള്ള ശ്രമവും യുപി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. പ്രക്ഷോഭങ്ങളിൽ 20 പേരാണ് യുപിയിലെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടത്. സംഘടന വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിന് വിദേശ ബന്ധമുള്ളതായി സംശയിക്കുന്നതായും ഇഡി വൃത്തങ്ങള്‍ പറയുന്നു.

ഈ കാര്യം സ്ഥിരീകരിക്കാനായി ചില നിക്ഷേപ കമ്പനികളില്‍ നിന്ന് വിവരം തേടിയിട്ടുണ്ട്. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെതിരെ പിഎംഎല്‍എ പ്രകാരം കേസെടുത്തതിന് പിന്നാലെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.