മാജിക്ക് പേന ഉപയോഗിച്ച് പരീക്ഷാ തട്ടിപ്പ്; തമിഴ്നാട് പിഎസ്‍സി 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തു

single-img
25 January 2020

പരീക്ഷ എഴുതി അരമണിക്കൂറിനകം മാഞ്ഞ് പോകുന്ന മാജിക്ക് പേന ഉപയോഗിച്ചുള്ള വന്‍ തട്ടിപ്പിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന തട്ടിപ്പിലൂടെ 36 പേരാണ് ആദ്യ റാങ്കുകളില്‍ ഇടം പിടിച്ചത്. സംഭവം പുറത്തായതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച തമിഴ്നാട് പിഎസ്‍സി 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തു.

ഉദ്യോഗസ്ഥർക്ക് കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ മാജിക് പേന വച്ച് പരീക്ഷ എഴുതുകയായിരുന്നു. പിന്നീട് അരമണിക്കൂറിനകം മഷി മായുന്ന ഉത്തരപേപ്പറില്‍ തമിഴ്നാട് പിഎസ്‍സി ഉദ്യോഗസ്ഥര്‍ ശരിയായ ഉത്തരം രേഖപ്പെടുത്തും. മികച്ച രീതിയിൽ പരീക്ഷ എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പരീക്ഷയ്ക്കായി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ആദ്യ രീതി.

ചോദ്യ പേപ്പറിലെ ഒബ്ജക്ടീവ് കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കരുതിയത് പ്രത്യേക മഷിനിറച്ച പേനയാണ്. പരീക്ഷയ്ക്ക് ശേഷം ഉത്തരകടലാസ് ശേഖരിച്ച ഉദ്യോഗസ്ഥര്‍ പിന്നീട് ഭദ്രമായി ശരിയായ ഉത്തരം രേഖപ്പെടുത്തും. പക്ഷെ പരീക്ഷാഹാളില്‍ വച്ച് എഴുതിയ ഉത്തരങ്ങളുടെ എണ്ണവും ഉത്തരകടലാസിലെ കണക്കും തെറ്റിയതോടെ തട്ടിപ്പ് പൊളിഞ്ഞു.

അന്വേഷണത്തെ തുടർന്ന് രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.മുൻ കാലങ്ങളിലും പരീക്ഷകളും വിശദമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ സിബിസിഐഡിയെ ചുമതലപ്പെടുത്തി.ഉദ്യോഗസ്ഥർ പരീക്ഷ എഴുതുന്നവരിൽ നിന്നും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാന്‍ 12-16 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത് എന്നാണ് വിവരം.