രാജ്യം പത്മ പുരസ്‌കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്കും അംഗീകാരം

single-img
25 January 2020

രാജ്യം ഈ വർഷത്തെ പത്മപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അംഗീകാരം ലഭിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ട്. നോക്കുവിദ്യ പാവകളി കലാകാരി എം പങ്കാജാക്ഷിയും, സാമൂഹ്യ പ്രവര്‍ത്തകനായ സത്യനാരായണന്‍ മുണ്ടയൂരുമാണ് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

സമൂഹത്തില്‍ നിന്നും പുതു തലമുറയിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ പാവകളിയില്‍ വൈദഗ്ധ്യമുള്ള കലാകാരിയാണ് പങ്കജാക്ഷിയമ്മ. തന്റെ ജീവിതത്തിൽ പാവകളിയുടെ പ്രചാണത്തിന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്.

അതേപോലെ തന്നെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന്‍ മുണ്ടയൂര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. കേരളത്തിലാണ് ജനിച്ചത് എങ്കിലും കഴിഞ്ഞ നാല്‍പത് വര്‍ഷമായി അരുണാചല്‍ പ്രദേശിൽ താമസിക്കുന്ന അദ്ദേഹം അവിടെയുള്ള ഗ്രാമങ്ങളില്‍ അനേകം ഗ്രന്ഥശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇവരെക്കൂടാതെ ജഗദീഷ് ലാല്‍ അബുജ, ജാവേദ് അഹ്മദ് തക്, എസ് രാമകൃഷ്ണ ,യോഗി എയിറണ്‍ എന്നിവര്‍ക്കും സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുൻനിർത്തി പത്മശ്രീ ലഭിച്ചു.