അനുരഞ്ജനത്തിന് അടവുനയവുമായി മലേഷ്യ; ഇന്ത്യയില്‍നിന്ന് കൂടുതല്‍ പഞ്ചസാര ഇറക്കുമതിചെയ്യും

single-img
23 January 2020

ക്വാലാലംപൂർ: ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് ഇന്ത്യ മലേഷ്യന്‍ പാം ഓയില്‍ ഇറക്കുമതി വെട്ടിച്ചുരുക്കിയതിന് ശേഷം അനുരഞ്ജന ശ്രമവുമായി മലേഷ്യ. ഇന്ത്യയില്‍നിന്ന് കൂടുതല്‍ പഞ്ചസാര ഇറക്കുമതി പ്രഖ്യാപിച്ച് പാം ഓയിൽ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയുമായുള്ള പോര് ശമിപ്പിക്കാനാണ് മലേഷ്യയുടെ ശ്രമം. മലേഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലേഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ പഞ്ചസാര ശുദ്ധീകരണ കേന്ദ്രമായ എം‌എസ്‌എം മലേഷ്യ ഹോൾഡിംഗ്സ് ബെർ‌ഹാദ് (എം‌എസ്‌എം‌എച്ച്കെ‌എൽ) ഈ വര്‍ഷം ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്ന് 130,000 ടൺ അസംസ്കൃത പഞ്ചസാര വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 88,000 ടണ്‍ മാത്രമാണു മലേഷ്യ ഇറക്കുമതി ചെയ്തിരുന്നത്.

പാം ഓയിൽ ഇറക്കുമതിയുമായ ബന്ധപ്പെട്ട തര്‍ക്കമാണ് പഞ്ചസാര ഇറക്കുമതി വദ്ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി പറയുന്നില്ലെങ്കിലും ഇന്ത്യയെ അനുനയിപ്പിക്കാനാണ് ഇതുവഴി മലേഷ്യ ശ്രമിക്കുന്നതെന്ന് ഇറക്കുമതി സംബന്ധിച്ച് കമ്പനിയും സർക്കാരും തമ്മിലുള്ള ചർച്ചകളെകുറിച്ച് അറിവുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.