വീടുകള്‍ക്ക് വില 100 രൂപയില്‍ താഴെ മാത്രം; ഇറ്റലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

single-img
23 January 2020

അതെ, കാര്യം ഉള്ളത് തന്നെയാണ്. ഇറ്റാലിയൻ നഗരമായ ബിസാക്ക എന്ന പട്ടണത്തില്‍ 100 രൂപയ്ക്ക് താഴെ വിലയില്‍ നിങ്ങൾക്ക് വീട് സ്വന്തമാക്കാം. തികച്ചും പ്രകൃതിരമണീയമായ ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലാണ് ബിസാക്ക എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്.

പുറത്തെവിടെയും നിങ്ങൾ രണ്ട് കോഫിക്ക് ചിലവാക്കുന്ന തുകയ്ക്ക് ഇവിടെ ഒരു വീട് സ്വന്തമാക്കൂ എന്നാണ് ഇവിടുത്തെ പട്ടണത്തിലെ ഭരണകൂടം പറയുന്നത്. കേവലം ഒരു യൂറോയ്ക്കാണ് ഒരു വീട് നല്‍കുന്നത്. നിലവിൽ പട്ടണത്തിലെ ഒരു തെരുവില്‍ 90 വീടുകളോളം ഒഴിഞ്ഞുകിടപ്പുണ്ട്. സമാനമായി പല തെരുവുകളിലും ഉപേക്ഷിക്കപ്പെട്ട വീടുകള്‍ അനവധിയാണ്.

ഇവയില്‍ കൂടുതലും കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുമാണ്. കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ഇവിടെയുള്ള ജനങ്ങള്‍ വലിയ പട്ടണങ്ങളിലേക്ക് കുടിയേറിയതോടെ ഈ പട്ടണത്തിലെ ജനസംഖ്യ കുത്തനെ കുറയുകയായിരുന്നു. കുടിയേറ്റം കൂടിയപ്പോൾ നഗരത്തിലെ ജനസംഖ്യയും ക്രമാതീതമായി കുറഞ്ഞു. മുൻ കാലങ്ങളിൽ ഇവിടെ സ്ഥിരമായി ഭൂകമ്പങ്ങളും അനുഭവപ്പെട്ടിരുന്നു. 1980കളുടെ ഒടുവിലാണ് അവസാനമായി ഭൂകമ്പം ഉണ്ടായത്.

തെരുവുകളിൽ അടുങ്ങിയിരിക്കുന്ന വീടുകള്‍ ആയതിനാല്‍ ഒരാള്‍ ഒറ്റയ്ക്കു വന്ന് താമസിക്കുന്നതിനോട് അധികൃതര്‍ക്ക് താല്‍പര്യമില്ല. എന്നാൽ കുടുംബവുമായോ കൂട്ടുകാര്‍ക്കൊപ്പമോ ബന്ധുക്കളെ കൂട്ടിയോ എത്തി കുറച്ചുവീടുകള്‍ ഒരുമിച്ച് എടുക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. പരസ്പരം അറിയുന്നവർ ഒരുമിച്ച് താമസിക്കുന്നത് സുരക്ഷിതത്വവും നല്‍കും. ഇപ്പോൾ ഇവിടെയുള്ള വീടുകള്‍അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞു. നഗരത്തിൽ വീട് വാങ്ങുന്നവര്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കണമെന്ന ഏക നിബന്ധന മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്‌കോ ടര്‍കിയ പറഞ്ഞു.