കൊറോണ വൈറസ് ; കൊച്ചി അടക്കമുള്ള വിമാനതാവളങ്ങളില്‍ കര്‍ശന പരിശോധന

single-img
22 January 2020

കൊച്ചി- ചൈനാ,തായ്‌ലാന്റ്,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കൊച്ചി അടക്കമുള്ള ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളില്‍ പരിശോധന വ്യാപിപ്പിച്ചു. ദല്‍ഹി,ചെന്നൈ,ബെംഗളുരു,ഹൈദരാബാദ്,കൊച്ചി,മുംബൈ,കൊല്‍ക്കത്ത വിമാനതാവളങ്ങളില്‍ ഇന്നലെ മുതല്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. നാലുപേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കൂടാതെ ഇരുന്നൂറിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. രണ്ടാഴ്ച്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ പരിശോധനക്ക് വിമാനതാവളങ്ങളില്‍ ഹാജരാകണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.

ചൈന,ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെ നിര്‍ബന്ധമായും പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ ആദ്യം സ്ഥിരീകരിച്ചത്. അയല്‍രാജ്യങ്ങളായ ജപ്പാന്‍,തായ്‌ലന്റ്,ദക്ഷിണകൊറിയയിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈസാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.