രാജീവ് രവി-ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ 26ന് ചിത്രീകരണം തുടങ്ങും

single-img
21 January 2020

രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ കുറ്റവും ശിക്ഷയും റിപബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് സ്‌കെഡ്യൂളുകളിലായി ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’ത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് സിനിമോട്ടോഗ്രാഫര്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂമ്സ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്ഷന്‍സ്.