അഞ്ച് ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നു; വിജിലന്‍സിന് പരാതി നല്‍കി ബാറുടമകള്‍

single-img
21 January 2020

തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ മാസപ്പടി ആരോപണവുമായി ബാര്‍ ഉടമകള്‍. ഫെഡറേഷന്‍ ഓഫ് കേരളാ ഹോട്ടല്‍സ് അസോസിയേഷന്‍ ആണ് അഞ്ച് ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നുവെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എറണാകുളം,തൃശൂര്‍,പാലക്കാട്,കോഴിക്കോട്,കണ്ണൂര്‍ റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. കണ്ണൂരിലെ എല്ലാ റേഞ്ചുകളും സര്‍ക്കിളും കോഴിക്കോട് താമരശേരി സര്‍ക്കിള്‍, പാലക്കാട് ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റേഞ്ചുകളും സര്‍ക്കിളും,തൃശൂരില്‍ വാടാനപ്പള്ളി സര്‍ക്കിള്‍,എറണാകുളം പെരുമ്പാവൂര്‍ -പരവൂര്‍ റേഞ്ചുകളും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് പരാതി.

ഇവരാണ് തങ്ങളെ മാസപ്പടിയുടെ പേരില്‍ ഏറ്റവുംമധികം ബുദ്ധിമുട്ടിക്കുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. മാസം 25000 രൂപാ മുതല്‍ 35000 രൂപാവരെ ഓരോ ബാറുടമയും മാസപ്പടിയായി നല്‍കേണ്ടി വരുന്നു. ഇത് ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയാണ് പതിവ്.കൂടാതെ ആഘോഷ ദിനങ്ങളില്‍ മദ്യവും നല്‍കേണ്ടി വരുന്നു. ഇതൊന്നും നല്‍കാത്തവരുടെ ബാറുകളില്‍ റെയ്ഡും, കള്ള സാമ്പിളെടുത്ത് ലൈസന്‍സ് റദ്ദാക്കലും നടന്നുവരുന്നുവെന്നും ഇവര്‍ ആരോപിച്ചു.