മുസഫർപുർ അഭയ കേന്ദ്രത്തിലെ പീഡനം: മുൻ എം‌എൽ‌എ ഉള്‍പ്പടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

single-img
20 January 2020

ന്യൂദല്‍ഹി: ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രധാനപ്രതിയും മുന്‍ എംഎല്‍എയുമായ ബ്രജേഷ് താക്കൂർ ഉൾപ്പെടെ 19 പേരെ ദില്ലി കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.

പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനം
കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി അഡീഷണൽ സെഷൻസ് ജഡ്ജി സൗരഭ് കുൽശ്രേഷ്ഠിന്റെ വിധിയില്‍ പറയുന്നു. കേസിലെ ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കും.

അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനും ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എംഎല്‍എയുമായ ബ്രജേഷ് താക്കൂര്‍ ലൈംഗികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. എട്ട് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘത്തെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.

2018 മെയ് 26ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സോഷ്യല്‍ സയന്‍സ് ബിഹാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന കാര്യം പുറംലോകം അറിയുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയുണ്ടായി.