പൗരത്വ നിയമ ഭേദഗതി: ജനങ്ങളെ ബോധവത്കരിക്കാന്‍ ഗൃഹസന്ദര്‍ശനത്തിന് സിപിഐഎം തീരുമാനം

single-img
19 January 2020

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ വീടുകള്‍ കയറി ജനങ്ങളെ ബോധവത്കരിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് നേരിട്ട് ആവശ്യപ്പെടും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മറ്റു ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍പിആര്‍ ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് മറുപടി നല്‍കരുതെന്നായിരിക്കും സിപിഐഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിശദീകരിക്കുക. പൗരത്വവിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന യോജിച്ച സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ നിയമഭേദഗതി.

രാജ്യത്തുള്ള എല്ലാ തടങ്കല്‍പാളയങ്ങളും അടച്ചുപൂട്ടണം. സമരങ്ങള്‍ക്ക് എതിരെ അക്രമം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കേന്ദ്രത്തിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കേരളത്തോട് വിവേചനം കാണിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു. കോഴിക്കോട് രണ്ടുവിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ റിവ്യൂ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി വ്യക്തമാക്കി.