വാര്‍ഡ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും,ഫെബ്രുവരി 28ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും: ഇലക്ഷന്‍ കമ്മീഷണര്‍

single-img
18 January 2020

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണസജ്ജമായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. വാര്‍ഡ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. പത്ത് ലക്ഷം പുതിയ വോട്ടര്‍മാരാണ് അധികമുണ്ടായത്. അതിനാല്‍ വാര്‍ഡ് വിഭജിക്കാന്‍ 2015ലെ പട്ടിക അടിസ്ഥാനപ്പെടുത്തുന്നതില്‍ ആശങ്കവേണ്ടെന്നും അദേഹം പറഞ്ഞു. ഒരു വാര്‍ഡില്‍ പരമാവധി നൂറ് പേരെ മാത്രമേ ചേര്‍ക്കേണ്ടി വരികയുള്ളൂ. വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വാര്‍ഡ് വിഭജന തീരുമാനമെടുത്ത് ഉത്തരവിറക്കിയാല്‍ അഞ്ച് മാസം കൊണ്ട് വാര്‍ഡ് വിഭജനം പൂര്‍ണമാകും. എത്രയും പെട്ടെന്ന് തീരുമാനമെടുത്താല്‍ അത്രയും നല്ലത്. വാര്‍ഡ് വിഭജനത്തിന് സെന്‍സസ് കമ്മീഷണറുടെ കത്ത് തടസമല്ലെന്നും അദേഹം പറഞ്ഞു. ഈ മാസം 20ന് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള പകര്‍പ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കും.വരുന്ന മാസം 28ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.