“മോദി ഭരണഘടനയെ മാനിക്കണം” കയ്യില്‍ ഭരണഘടനയേന്തി ചന്ദ്രശേഖര്‍ ആസാദിന്റെ പത്രസമ്മേളനം

single-img
17 January 2020

ന്യുദല്‍ഹി: പ്രധാനമന്ത്രി ഭരണഘടനയെ ബഹുമാനിക്കണമെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്. ജാമ്യവ്യവ്സ്ഥ പ്രകാരം ദില്ലി വിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കയ്യില്‍ ഭരണഘടനയുമായി നടത്തിയ പത്രസമ്മേളനത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശന ശരങ്ങള്‍ അഴിച്ചുവിട്ടത്.
വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയാമെന്ന് ഒരു പ്രധാനമന്ത്രി പറയുമ്പോള്‍ അത് ഭരണഘടന വിരുദ്ധമാണ്. അത്തരത്തിലൊരു പരമര്‍ശം ഉത്തരവാദിത്തപ്പെട്ട ഒരാളില്‍ നിന്ന് വരുമ്പോള്‍ മാനുഷിക മൂല്യമുള്ള ഒരാള്‍ക്കും വെറുതെ ഇരിക്കാനാകില്ല. മനുഷ്യത്വമാണ് ജാതിയേക്കാളും മതത്തേക്കാളും വലുത് – ജുമാ മസ്ജിദ് സന്ദര്‍ശന ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ച ആസാദ്, സമാധാനപരമായ പ്രക്ഷോഭമാണ് നമ്മുടെ ശക്തിയെന്നും പറഞ്ഞു. രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുക എന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നില്ല. എല്ലാ മതത്തില്‍പ്പെട്ടവരും ഈ പ്രക്ഷോഭത്തില്‍ അണി ചേരണമെന്നും അങ്ങനെ മുസ്ലീംകളുടെ മാത്രം സമരമാണ് എന്ന സര്‍ക്കാര്‍ വാദത്തെ പൊളിച്ച് കൊടുക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ദില്ലി കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാത്രിയാണ് ചന്ദ്രശേഖര്‍ ആസാദ് തീഹാര്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയത്. ദില്ലിയില്‍ ഒരു മാസം പ്രവേശിക്കരുതെന്നും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കരുത് എന്നുമുളള ഉപാധികളോടെയാണ് ദില്ലി കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. ഉത്തര്‍ പ്രദേശിലേക്ക് മടങ്ങിപ്പോകും മുന്‍പ് ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ കോടതി ആസാദിന് അനുമതി നല്‍കിയിരുന്നു. ജുമാ മസ്ജിദില്‍ വെച്ചായിരുന്നു ഡിസംബര്‍ 21ന് പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.