ക്രൈംശ്യംഖലയില്‍ ഇടപെടാന്‍ ഊരാളുങ്കലിന് അനുമതിയില്ല; ഡിജിപി സത്യവാങ്മൂലം നല്‍കി

single-img
14 January 2020

പൊലീസ് ക്രൈം ശൃഖലയില്‍ ഇടപെടാന്‍ ഊരാളുങ്കലിന് അനുമതിയില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം .ഡിജിപിയാണ് കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ തയാറാക്കാനുള്ള അനുമതി മാത്രമാണ് ഊരാളുങ്കലിന് നല്‍കിയിട്ടുള്ളതെന്നും, പൊലീസ് ക്രൈം ശൃംഖല പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കേരളാ പൊലീസിന്റെ രഹസ്യ ഫയലുകള്‍ അടങ്ങിയ ഡേറ്റാ ബാങ്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സുരക്ഷ വീഴ്ചയ്ക്ക് കാരണമാകുന്ന ഈ നടപടിക്ക് ഉത്തരവിട്ടത് ഡിജിപി യാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

അതേസമയം, ക്രൈം ഡേറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഡിജിപി ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. പൊലീസ് ക്രൈം ശൃഖല പരിശോധിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയിട്ടില്ലെന്നും പാസ്പോര്‍ട്ട് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ തയാറാക്കിയ ശേഷം പരിശോധിക്കുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിച്ച് നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.