യേശുവിന്റെ 114 അടി ഉയരമുള്ള പ്രതിമ; കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രതിഷേധം

single-img
13 January 2020

ബെംഗളുരു: യേശു ക്രിസ്തുവിന്റെ ഏര്‌റവും വലിയ പ്രതിമ നിര്‍മിക്കാനിരിക്കുന്ന കനകപുരയില്‍ പ്രതിഷേധവുമായി ആര്‍എസ്എസും വിഎച്ച്പിയും. കനകപുര ചലോ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ പ്രകടനം നടന്നത്. 114 അടി ഉയരത്തിലുള്ള ക്രിസ്തു പ്രതിമയാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധത്തിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് പദ്ധതിക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ അത് ശരിയല്ലെന്നും ഗ്രാമവാസികളായ വിശ്വാസികളുടെ തീരുമാനപ്രകാരമാണ് പ്രതിമ നിര്‍മിക്കുന്നതെന്ന് ശിവകുമാര്‍ പ്രതികരിച്ചു. സ്ഥലം എംഎല്‍എ എന്ന നിലയില്‍ താന്‍ സഹായിക്കുകമാത്രമാണ് ചെയ്തതെന്നും അദേഹം പറഞ്ഞു.

ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്.ഇതിനായി ഭൂമിയും വിട്ടുനല്‍കിയിട്ടുണ്ട്.
എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും അദ്ദേഹം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹിന്ദുത്വ സംഘടനകള്‍ പ്രക്ഷോഭവുമായി വരുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിന് 1000 പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചത്.

”ഞങ്ങള്‍ തികച്ചും സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്,കപാല ബെട്ടയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പ്രതിമ ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദതത്തെ തകര്‍ക്കുകയും ഇത് ക്രിസ്ത്യന്‍ മിഷണറിമാരുടെ മത പ്രചരണത്തിന് ആക്കം കൂട്ടുകയും ചെയ്യും, അതിനാല്‍ സര്‍ക്കാര്‍ ഈ പ്രതിമാ നിര്‍മ്മാണത്തിന് അനുമതി നല്‍കരുത്” എന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ കല്ലടക്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു.പ്രതിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കാലികള്‍ക്ക് മേയുന്നതിന് റിസര്‍വ് ചെയ്തിട്ടിട്ടുള്ള സ്ഥലമാണെന്നും അവിടെ നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയില്ല എന്നുമാണ് റവന്യൂ മന്ത്രി ആര്‍.അശോക അറിയിച്ചത്.