കോടതി കോണ്‍ക്രീറ്റും പിളര്‍ക്കും; മരടു ഫ്‌ളാറ്റുകള്‍ പൊളിച്ച നടപടിയില്‍ സര്‍ക്കാരിനെയും മാധ്യമങ്ങളെയും പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

single-img
11 January 2020

കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം സരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിത്തുടങ്ങി. ആദ്യഘട്ടമായി രണ്ടു ഫ്‌ളാറ്റുകളാണ് പൊളിച്ചത്. ഇ സാഹചര്യത്തില്‍ സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.

ജനാധിപത്യത്തില്‍ ആരെയും പേടിക്കേണ്ട, ആര്‍ക്കും നിയമം ലംഘിച്ച് കെട്ടിടം പണിയാം എന്ന അവസ്ഥവന്നു എന്നാല്‍ ഇപ്പോള്‍ അതും നടക്കില്ല. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിനോ മാധ്യമ സിന്റിക്കേറ്റുകളുടെ കൂട്ടപ്രാര്‍ഥനയ്‌ക്കോ മരടു ഫ്‌ളാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കുറിപ്പില്‍ പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

”  ‘കല്പന കല്ലേപ്പിളർക്കും’ എന്നാണ് രാജഭരണ കാലത്ത് ജനങ്ങൾ കരുതിയത്.

രാജഭരണം പോയി ജനാധിപത്യം വന്ന സ്ഥിതിക്ക്‌ ഇനി ആരെയും ഒന്നിനെയും പേടിക്കേണ്ട, നിയമം ലംഘിച്ച് കെട്ടിടം പണിയാം; ഉദ്യോഗസ്ഥർക്കും നേതാക്കന്മാർക്കും വട്ടച്ചെലവിനു വഹ കൊടുത്താൽ മതി എന്ന സ്ഥിതി വന്നു.

എന്നാൽ അതും നടക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു: കോടതി കോൺക്രീറ്റും പിളർക്കും!

മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിനോ മാധ്യമ സിൻഡിക്കേറ്റിൻ്റെ സമൂഹ പ്രാർത്ഥനയ്ക്കോ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. അവ ഇന്നും നാളെയുമായി മണ്ണിലേക്കു മടങ്ങുന്നു.

പെരുമ്പളത്ത് മുത്തൂറ്റ് മുതലാളി പണിതീർത്ത സപ്ത നക്ഷത്ര റിസോർട്ടും പൊളിച്ചേ തീരൂ എന്ന് സുപ്രീംകോടതി കല്പിക്കുന്നു. ഇടതു- വലതു ഭേദമന്യേ എംഎൽഎമാർ കൊടുത്ത നിവേദനവും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ സമർപ്പിച്ച സംയുക്ത പ്രാർത്ഥനയും ഫലവത്തായില്ല.

കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർക്കെതിരെ ക്ഷുദ്രം, മാരണം, കൂടോത്രം മുതലായവ പരീക്ഷിക്കാവുന്നതാണ്. ”

'കല്പന കല്ലേപ്പിളർക്കും' എന്നാണ് രാജഭരണ കാലത്ത് ജനങ്ങൾ കരുതിയത്. രാജഭരണം പോയി ജനാധിപത്യം വന്ന സ്ഥിതിക്ക്‌ ഇനി ആരെയും…

Posted by Advocate A Jayasankar on Friday, January 10, 2020