സിഐ വേഷത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ കറങ്ങി നടന്ന് യുവതി; പൊലീസ് പിടികൂടിയപ്പോള്‍ ആറ് മാസം ഗര്‍ഭിണി!

single-img
10 January 2020

കോട്ടയം: സിഐയുടെ റാങ്കിലുള്ള പൊലീസ് വേഷം അണിഞ്ഞ് ചെത്തിനടന്ന യുവതിയെ യഥാര്‍ത്ഥ പൊലീസ് പിടികൂടി. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തും ത്രീ സ്റ്റാറും കറുത്ത ഷൂവുമൊക്കെയായി സിഐയുടെ വേഷം ധരിച്ചാണ് യുവതി കറങ്ങിനടന്നത്. ഇടക്ക് പൊലീസ് സ്റ്റേഷന് പുറത്തെ കസേരയിലും ഇരുന്ന യുവതിയെ പൊലീസുകാര്‍ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കഥ പുറത്തായത്. 25 വയസ് പ്രായമുള്ള യുവതി ആറ് മാസം ഗര്‍ഭിണിയുമായിരുന്നു. സിഐ ആയി ജോലി ലഭിച്ചുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാണ് യുവതിക്ക് വിനയായത്. ബിരുദധാരിയായ യുവതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെയാണ് വിവാഹം കഴിച്ചത്. അന്ന് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബപ്രശ്‌നം ഒഴിവാക്കാനായി സിഐ ജോലി ലഭിച്ചുവെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതാണ് പ്രശ്‌നത്തില്‍ കൊണ്ടെത്തിച്ചത്. യുവതി തട്ടിപ്പൊന്നും നടത്തിയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയാണ് പൊലീസ് യുവതിയെ പറഞ്ഞുവിട്ടു.