അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം ‘കറുത്ത മതില്‍’ ഉയരില്ല; യൂത്ത് ലീഗിനെ തടഞ്ഞ് മുസ്ലീം ലീഗ്

single-img
6 January 2020

കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ എത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധിക്കാനുള്ള യൂത്ത് ലീഗിന്‍റെ തീരുമാനം ഉപേക്ഷിച്ചതായി മുസ്ലീം ലീഗ് അറിയിച്ചു. അദ്ദേഹം പാർട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് വരുന്നത്. ആ ദിവസം സമരം വേണ്ടെന്നും മറ്റുള്ള ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാമെന്നും യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു എന്ന് ലീഗ് നേതാക്കൾ അറിയിച്ചു.

അമിത് ഷാ കേരളത്തിൽ എത്തുന്ന ദിവസം ‘കറുത്ത മതിൽ’ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജനുവരി 15ന് കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡിന് ഇരുവശവും പ്രതിഷേധ മതിൽ തീർക്കും.

കോഴിക്കോട് കരിപ്പൂർ വിമാനത്താവളം മുതൽ വെസ്റ്റ്ഹിൽ ഹെലിപ്പാഡ് വരെ 35 കിലോമീറ്റർ ദൂരത്തിലാണ് ബ്ലാക്ക് വാൾ തീർക്കുക. ഇതിൽ ഒരു ലക്ഷം പേർ പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടിരുന്നു.