പൗരത്വഭേദഗതി; കാന്തപുരത്തിന്റെ ചിത്രം ദുരുപയോഗം ചെയ്ത് എഫ്ബി പോസ്റ്റിട്ട് എഎന്‍ രാധാകൃഷ്ണന്‍, മുതലെടുക്കാന്‍ മനപൂര്‍വ്വ ശ്രമമെന്ന് മര്‍കസ്

single-img
6 January 2020

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ചിത്രം ദുരുപയോഗം ചെയ്ത് പൗരത്വഭേദഗതിയില്‍ മുതലെടുക്കാന്‍ ശ്രമിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് എതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. ഇന്ന് പൗരത്വഭേദഗതി നിയമം സംബന്ധിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായും വരുംദിവസങ്ങളില്‍ സുദീര്‍ഘ ചര്‍ച്ചയ്ക്ക് അദേഹം തയ്യാറാണെന്ന വിധത്തിലാണ് എഎന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പൗരത്വഭേദഗതിക്ക് എതിരെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന അവസരത്തിലാണ് കാന്തപുരം ഈ വിഷയത്തില്‍ ബിജെപിയുമായി ചര്‍ച്ച നടത്തുമെന്ന വിധത്തില്‍ ബിജെപിയും എഎന്‍ രാധാകൃഷ്ണനും പ്രചരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ വാദങ്ങളെ തള്ളി മര്‍കസ് മീഡിയാ കുറിപ്പ് ഇറക്കിയതോടെ ബിജെപിയുടെ കള്ളക്കളി പൊളിയുകയായിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ സമീപത്ത് വന്ന് ഇരുന്ന് ചിത്രം പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് മര്‍കസിന്റെ മീഡിയാ കുറിപ്പുകള്‍ പറയുന്നു.

വിവാഹ ചടങ്ങിനിട് ഇടയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു അദേഹം . അപ്പോള്‍ ഒരാള്‍ നേരിട്ട് വന്ന് പൗരത്വഭേദഗതിയെ കുറിച്ച് സംസാരിക്കാന്‍ വന്നതാണെന്ന് അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാണെന്നും നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അദേഹം അപ്പോള്‍ തന്നെ അറിയിച്ചു. എന്നാല്‍ തുടര്‍ന്നും സംസാരിക്കാന്‍ ശ്രമിക്കവെ ‘ഇത് ഇവിടെ ഭക്ഷണകഴിക്കുമ്പോള്‍ കയറിവന്നു സംസാരിക്കേണ്ട നിസാര വിഷയമല്ല,കേരളത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ജാതിമതഭേദമന്യേ ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണെന്നും’ അദേഹം പറയുകയും സംസാരം അവസാനിപ്പിക്കുകയും ചെയ്തുവെന്ന് മര്‍കസ് കുറിപ്പ് വ്യക്തമാക്കുന്നു. സംഭവം സംബന്ധിച്ച് മര്‍കസ് പ്രതികരിച്ചതോടെ ബിജെപിയ്ക്കും എഎന്‍ രാധാകൃഷ്ണനും എതിരെ കടുത്ത വിമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. ഇതേതുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് എഎന്‍ രാധാകൃഷ്ണന്‍ പിന്‍വലിച്ചു.