ചികിത്സ നിഷേധിക്കുന്നത് സര്‍ക്കാരിന്റെ ഭീരുത്വം; ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

single-img
5 January 2020

യുപി പോലീസ് തടവിലാക്കിയ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാരിനെതിരെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ആസാദിനെ ഇപ്പോൾ തീഹാര്‍ ജയിലില്‍ അടച്ചതെന്ന് പ്രിയങ്ക പറഞ്ഞു.

കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഇതുപോലുള്ള സമീപനം ഭീരുത്വമാണെന്നും പ്രിയങ്ക പറഞ്ഞു. മനുഷ്യത്വം
എന്നത് പോലും പ്രകടമാകാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഇത് വളരെ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും പ്രിയങ്ക പറഞ്ഞു. ഇപ്പോൾ ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ചത് ഒരു കാരണവും കൂടാതെയാണ്.

അദ്ദേഹത്തിന്ചികിത്സ നിഷേധിക്കുന്നത് വ്യക്തമാക്കുന്നത് സര്‍ക്കാരിന്‍റെ ഭീരുത്വമാണ്. ചന്ദ്രശേഖർ ആസാദിനെ എത്രയും പെട്ടന്ന് എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ഇന്ന് ദില്ലിയില്‍ ആവശ്യപ്പെട്ടു. രണ്ട് ആഴ്ചകൾക്ക് മുൻപ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ചത്.

തടവിലാക്കപ്പെട്ട ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറായ ഹര്‍ജിത് സിങ് ഭട്ടി അറിയിച്ചത്.