ഗോഡ്സെ – സവര്‍ക്കര്‍ ശാരീരിക ബന്ധ പരാമര്‍ശം; സേവാദള്‍ ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി

single-img
4 January 2020

ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വിഡി സവര്‍ക്കറും മാഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയും തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്ന വിവാദ പരാമര്‍ശമടങ്ങിയ സേവാദള്‍ ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി. വ്യക്തികൾക്കെതിരെ അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണെന്നും നിലവിൽ സവര്‍ക്കര്‍ ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും എന്‍സിപി വക്താവ് നവാബ് മാലിക് അറിയിച്ചു.

‘ആർക്കെതിരെ ആയാലും അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണ്. എന്നാൽ ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. പക്ഷെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. ഇപ്പോൾ പ്രത്യേകിച്ച് ആ വ്യക്തി സവര്‍ക്കര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍. സേവാദൾ ലഘുലേഖ പിന്‍വലിക്കണം’- നവാബ് മാലിക് ആവശ്യപ്പെട്ടു.

‘വീർ സവർക്കർ എത്രത്തോളം ധൈര്യശാലിയായിരുന്നു’എന്ന പേരിലാണ് ലഘുലേഖ പുറത്തിറക്കിയത്. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാംപിയറിന്റെയും ലാരി കോളിൻസിന്റെയും ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ലഘുലേഖയിൽ പറഞ്ഞിരുന്നു.