ബെംഗളൂരുവിൽ ജയിലിന് സമീപമുള്ള എടിഎം തകർത്ത് മോഷ്ടാക്കള്‍ കവര്‍ന്നത് 23.5 ലക്ഷം രൂപ

single-img
4 January 2020

ബെംഗളൂരുവിൽ പരപ്പന അഗ്രഹാര ജയിലിന്‍റെ സമീപം എടിഎം മെഷീൻ തകർത്ത് മോഷണസംഘം 23.5 ലക്ഷം കവർന്നു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിന്‍റെ സമീപമുളള കാനറ ബാങ്ക് എടിഎം മെഷീൻ തകർത്താണ് പണം കവർന്നിരിക്കുന്നത്. രാത്രി ഉള്‍പ്പെടെ സുരക്ഷാജീവനക്കാരില്ലാതിരുന്ന എടിഎമ്മിൽ പിറ്റേദിവസം പണം നിറയ്ക്കാൻ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്ന മെഷീൻ തകർന്നതായി കണ്ടെത്തിയത്.

മോഷണം നടന്ന എടിഎമ്മിനുള്ളിൽ സിസിടിവി ക്യാമറയും അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പരപ്പന അഗ്രഹാര പോലീസ് പറയുന്നു. ഈ വിവരം ബാങ്കിന്റെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. നിലവില്‍ എടിഎമ്മിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.