കേരള നിയമ സഭയ്ക്കെതിരായി അവകാശ ലംഘനം എടുക്കാന്‍ കഴിയുമെങ്കില്‍ എടുക്കട്ടെ: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

single-img
3 January 2020

ഇന്ത്യൻ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ പതിന്നാലിന്റെയും പതിനഞ്ചിന്റെയും പച്ചയായ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ഇതിനെതിരായി പ്രമേയം പാസാക്കിയ കേരള നിയമ സഭയ്ക്കെതിരായി ഒന്നാകെ അവകാശ ലംഘനം എടുക്കാന്‍ കഴിയുമെങ്കില്‍ എടുക്കട്ടെ എന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭാ പാസാക്കിയ പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിൽ ഒരു സഭയുടെ മുകളില്‍ മറ്റൊരു സഭയ്ക്ക് അവകാശലംഘനം കൊണ്ടുവരാന്‍ ഭരണഘടന അനുവദിക്കുന്നില്ല. അങ്ങിനെയുള്ള അവകാശലംഘനം നിലനില്‍ക്കില്ല. ഏതെങ്കിലും ഒരു സഭയില്‍ സംസാരിക്കുകയും പെരുമാറുകയും പ്രസംഗിക്കുകയും ചെയ്യുന്നതിന് ആ സഭയുടേതായ സംരക്ഷണം ഉണ്ട്.

ഒരു സഭയിലെ നടപടിക്ക് അതിനുമുകളില്‍ വേറെ സഭയില്‍ പോയി അവകാശലംഘനം കൊടുക്കുന്നത് യുക്തിരഹിതമാണ്. അഥവാ അത്തരത്തിൽ ചെയ്യുകയാണെങ്കില്‍ത്തന്നെ അത് കേവലം മുഖ്യമന്ത്രിയില്‍ മാത്രമായി ഒതുക്കാനാവില്ല. പ്രമേയത്തിന്റെ അവതരണത്തിന് അനുവാദം നല്‍കിയ സ്പീക്കറും അതിന് അനുബന്ധമായി സംസാരിച്ച പ്രതിപക്ഷ നേതാവും വോട്ട് ചെയ്ത എല്ലാ അംഗങ്ങളും അതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.