പൗരത്വ നിയമ ഭേദഗതി: രാജ്യമാകെ പ്രക്ഷോഭമുണ്ടാകുമെന്ന കാര്യം ബിജെപിയും സര്‍ക്കാരും തിരിച്ചറിഞ്ഞില്ല: ആര്‍എസ്എസ്

single-img
30 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. രാജ്യമാകെ ജനങ്ങൾക്കിടയിൽ സമാധാനം സംരക്ഷിക്കുന്നതിന് അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് മുന്നോടിയായി സർക്കാർ സ്വീകരിച്ച നടപടികള്‍ ഈ വിഷയത്തിൽ സ്വീകരിച്ചില്ലെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി.

നിയമം നടപ്പില്‍ വരുത്തിയാല്‍ രാജ്യത്താകമാനം പ്രക്ഷോഭമുണ്ടാകുമെന്ന കാര്യം ബിജെപിയും സര്‍ക്കാറും തിരിച്ചറിഞ്ഞില്ലെന്നും പ്രതിഷേധങ്ങളുടെ തീവ്രതകുറക്കാനും സര്‍ക്കാറിനോടും ബിജെപിയോടുമുള്ള എതിര്‍പ്പ് കുറക്കാനും ജനുവരി 26 വരെ പ്രത്യേക പദ്ധതി തയ്യാറാക്കാനും ഇന്ന് മീററ്റില്‍ നടന്ന ആര്‍എസ്എസ്-ബിജെപി ഉന്നതതല യോഗത്തിൽ തീരുമാനമായി.

നിലവിൽ രാജ്യമാകെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് മുമ്പ് ന്യൂനപക്ഷവുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ല. അതിനാൽ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമുണ്ട്. അതാണ് പ്രക്ഷോഭമായി പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നും ആര്‍എസ്എസ് നിരീക്ഷിച്ചു. നിയമത്തിൽ പ്രതിപക്ഷ കക്ഷികളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം ഒന്നും ഉണ്ടാകില്ലെന്ന് സർക്കാർ കരുതിയെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.