രാജ്യം തുറന്ന ജയിലാക്കുകയാണോ കേന്ദ്രസര്‍ക്കാര്‍;പൗരത്വഭേദഗതിയെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

single-img
30 December 2019

ചെന്നൈ:പൗരത്വഭേദഗതിയില്‍ എന്‍ഡിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതിയിലെ മുന്‍ജഡ്ജി. പൗരത്വഭേദഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെയാണ് മുന്‍ ജഡ്ജി കെ ചന്ദ്രു വിമര്‍ശിച്ചത്. രാജ്യത്തെ ഒരു തുറന്ന ജയിലാക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുകയാണ് സര്‍ക്കാര്‍ .

എന്‍ആര്‍സി,സിഎഎയും നടപ്പിലാക്കാതിരിക്കാനുള്ള ജനാധിപത്യ കാരണങ്ങളെ കുറിച്ച് അഭിഭാഷകര്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദേഹം പറഞ്ഞു. കൊച്ചിയില്‍ അഭിഭാഷക യൂനിയന്റെ ദേശീയ കോണ്‍ഫറന്‍സിലാണ് മുന്‍ ജഡ്ജിയുടെ വിമര്‍ശനം. പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട രീതി അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ ലംഘനങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജനങ്ങളെ സര്‍ക്കാര്‍ തന്നെ ഭിന്നിപ്പിച്ചുവെന്നും അദേഹം അഭിപ്രായപ്പെട്ടു.