എൻഡിഎ സർക്കാര്‍ ‘ജോക്കര്‍ സര്‍ക്കാര്‍’ പരിഹാസവുമായി കോൺ​ഗ്രസ്

single-img
28 December 2019

കേന്ദ്രം ഭരിക്കുന്ന ബിജെപി നയിക്കുന്ന എൻഡിഎ സർക്കാര്‍, ജോക്കര്‍ സര്‍ക്കാരാണെന്ന പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. ഈ വര്‍ഷത്തെ ജോക്കര്‍ എൻഡിഎ സർക്കാരാണെന്നാണ് അദ്ദേഹം പരിഹസിച്ചത്.

ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജോക്കര്‍ പരാമര്‍ശവുമായി ചൗധരി രംഗത്തെത്തിയത്.

“ നുണ പറയുന്ന കാര്യത്തിലെ ഈ വര്‍ഷത്തെ സ്ഥാനാർത്ഥി” എന്നായിരുന്നു രാഹുൽ ​ഗാന്ധിയെ കുറിച്ച് ജാവദേക്കര്‍ പറഞ്ഞത്. ജാവദേക്കർ അങ്ങിനെ പറഞ്ഞെങ്കിൽ ഈ വർഷത്തെ ജോക്കർ എൻ‌ഡി‌എ സർക്കാരാണെന്ന് താൻ പറയുന്നതായി ചൗധരി പറഞ്ഞു. അതേപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ രാഹുലാണോ നുണയനെന്ന് തീരുമാനിക്കാനുള്ള ചർച്ചയ്ക്ക് പ്രകാശ് ജാവദേക്കറെ വെല്ലുവിളിക്കുന്നു എന്നും ചൗധരി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥനോക്കിയാൽ എൻ‌ഡി‌എ സർക്കാർ ഉടൻ എൻ‌പി‌എ സർക്കാരായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.