പ്രതിഷേധത്തില്‍ പങ്കെടുത്ത അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

single-img
28 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോച്ച് പോലീസ് കേസെടുത്തു. ഈ മാസം 15ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്.

ആദ്യം 10000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. പക്ഷെ ടൈപ് ചെയ്തപ്പോള്‍ തെറ്റിയതാണെന്നും 1000 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തതെന്നും സീനിയര്‍ എസ്പി ആകാശ് കുലഹരി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

കേസെടുത്തിട്ടുള്ളത്‌ തിരിച്ചറിയാവുന്ന 60 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ബാക്കി തിരിച്ചറിയാത്തവര്‍ക്കുമെതിരെയുമാണ്. എഫ്ഐആര്‍ സൂചിപ്പിക്കുന്നത് കേസെടുത്തവരില്‍ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് .

പ്രതിഷേധക്കാര്‍ പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടെന്നും പോലീസ് ആരോപിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് പോലും പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും പറയുന്നു. യുപിയില്‍ നിലവില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുകയാണ്.