ജനാധിപത്യം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു; കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ കുറിച്ച് പറയുന്നത് ബ്രിട്ടീഷ് ചാരന്മാരായിരുന്നവര്‍: അശോക് ഗെഹ്‌ലോട്ട്

single-img
28 December 2019

രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണെന്നും നമ്മുടെ ജനാധിപത്യം കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ചാരന്മാരായിരുന്നവരാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് എന്ന് കോണ്‍ഗ്രസിന്റെ 135ാം ജന്മദിനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം കുറ്റപ്പെടുത്തി.

നമ്മുടെ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രക്തസാക്ഷിത്വം വരിച്ചു. അത്തരത്തിൽ ഉള്ളതാണ് നമ്മുടെ പാരമ്പര്യം. എന്നാൽ മോദിയുടെ പാര്‍ട്ടി സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ചാരന്മാരായിരുന്നവരാണ്. അവരാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ കുറിച്ച് പറയുന്നത്. അത് വളരെ അപമാനകരമാണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

മഹത്തായ നമ്മുടെ ജനാധിപത്യം ഭീഷണി നേരിടുകയും ജനാധിപത്യ ശബ്ദങ്ങള്‍ക്ക് നേരെ ബഹുമാനമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് ഉള്ളത്. കോണ്‍ഗ്രസിനുള്ള പാരമ്പര്യം ശക്തമാണ്. അതിൽ രാജ്യമൊട്ടാകെ അതില്‍ അഭിമാനിക്കുന്നു. പക്ഷെ പ്രധാനമന്ത്രി മോദി നമ്മുടെ പാരമ്പര്യത്തെ കുറിച്ച് എന്താണ് പറയുന്നതെന്ന് നമ്മള്‍ അറിയണം.അദ്ദേഹം പണ്ഡിറ്റ് നെഹ്രുവിനെ കുറിച്ചും എന്താണ് പറയുന്നതെന്നും നമ്മള്‍ അറിയണമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.