ബിജെപിയുടേത് തീക്കളി; ജാമിയ മിലിയയിലേയും ഐഐടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മമത

single-img
26 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിയ മിലിയയിലേയും ഐഐടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

രാജ്യത്തെ തെരുവുകളിൽ പ്രതിഷേധപരിപാടിയില്‍ ഉള്ള വിദ്യാര്‍ത്ഥികളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എപ്പോഴും താൻ ഉണ്ടാകുമെന്നും ആരും ഭയപ്പെടരുതെന്നും മമത കൂട്ടിച്ചേര്‍ത്തു.ഇന്ന് കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

അതേപോലെ തന്നെ വിഷയത്തിൽ ബിജെപി കളിക്കുന്നത് തീ കൊണ്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു. ‘ബിജെപി സ്വയം വെള്ളപൂശി മറ്റുള്ള പാര്‍ട്ടിക്കാരെ കരിഓയിലില്‍ മുക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ കര്‍ണാടകയില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.’ രാജ്യത്തെ 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നവരാണെന്നും അവര്‍ പ്രതിഷേധിക്കുന്നതില്‍ അസ്വസ്ഥമാകേണ്ടതില്ലെന്നും മമത പറഞ്ഞു.