ഞാന്‍ മെഡല്‍ നിരസിച്ചത് എന്റെ ആത്മാഭിമാനം തിരിച്ചെടുക്കാന്‍; രാഷ്ട്രപതിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് പുറത്താക്കിയ റബീഹയുടെ വാക്കുകള്‍

single-img
23 December 2019

ഇന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നടന്ന രാഷ്ട്രപതി പങ്കെടുക്കുന്ന മെഡല്‍ ദാന ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനി റബീഹ അബ്‍ദുറഹിമാന്‍. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് തുടങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് തന്നെ പുറത്താക്കിയതെന്നും പരിപാടിയില്‍ പങ്കെടുക്കാനുള്ള പരിശോധനയും സ്ക്രീനിംഗും എല്ലാം അവസാനിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു.

ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രസിഡന്‍റ് വരുന്നതിന് തൊട്ടുമുമ്പ് സുരക്ഷ ഉദ്യോഗസ്ഥര്‍ വന്നു. തന്നോട് ഒരുകാര്യം സംസാരിക്കാനുണ്ട്, ഒന്നു പുറത്തേക്ക് വരാന്‍ പറയുകയും തന്നെ മാത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് വിളിക്കുകയുണ്ടായി എന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. തുടര്‍ന്ന്ഉദ്യോഗസ്ഥരോടൊപ്പം പുറത്തെത്തിയപ്പോള്‍ അവര്‍ ഓഡിറ്റോറിയത്തിന്‍റെ വാതില്‍ അടച്ചു, അല്‍പ സമയം കാത്തിരിക്കാന്‍ പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ അവിടെ ഉദ്യോഗസ്ഥനെ കാത്തിരുന്നു. വളരെ നേരം കഴിഞ്ഞിട്ടും അയാള്‍ എത്തിയില്ല. ഈ സമയംഅവിടെയുള്ള ലോക്കല്‍ പോലീസിനോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മറുപടി കൊടുക്കുകയായിരുന്നു.

“എന്തിനാണ് അവര്‍ എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ചടങ്ങിന് ശേഷം രാഷ്ട്രപതി പോയിക്കഴിഞ്ഞപ്പോഴാണ് എന്നെ അകത്തുകയറ്റിയത്. ആ സമയം എനിക്ക് വല്ലാത്ത നിരാശയും സങ്കടവുമായി. എന്നെ പുറത്താക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എന്‍റെ ആത്മാഭിമാനം തിരിച്ചെടുക്കാനായിരുന്നു ഞാന്‍ മെഡല്‍ നിരസിച്ചത്. മറ്റൊരു കാരണം പൗരത്വ നിയമഭേദഗതിക്കെതിരെയും എന്‍ആര്‍സിക്കെതിരെയും തെരുവില്‍ പോരാടുന്ന എല്ലാ വിദ്യാര്‍ഥികളോടും ഐക്യപ്പെട്ടാണ് ഞാന്‍ മെഡല്‍ നിരസിക്കുന്നത്”- റബീഹ പറയുന്നു.

യൂണിവേഴ്സിറ്റിയിലെ എം എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവാണ് റബീഹ. ബിരുദം നേടിയ 189 പേരിൽ തിരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്.