പൗരത്വ നിയമ ഭേദഗതി: ഈ നിയമങ്ങൾ രാജസ്ഥാനിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്

single-img
22 December 2019

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ ഒരു നിയമം നടപ്പാക്കില്ലെന്ന് പറയാൻ രാജ്യത്തെ സംസ്ഥാന മുഖ്യമന്ത്രിമാർക്കാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ രാജസ്ഥാനിൽ പൗരത്വ നിയമഭേദഗതിയും എൻആർസിസിയും നടപ്പാക്കില്ലെന്ന് ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട.

താൻ തുറന്ന മനസോടെയാണ്‌ ഇത് പറയുന്നതെന്നും ഈ നിയമങ്ങൾ രാജസ്ഥാനിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പാസാക്കിയ നിയമം രാജ്യത്തെ സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയാലെ പറ്റുള്ളു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

അങ്ങനെയല്ലാതെ കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാനായി മുഖ്യമന്ത്രിമാർക്ക് സാധിക്കില്ലെന്നും ഇതിനെപ്പറ്റി സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചു മനസ്സിലാക്കാനും മോദി പറയുകയുണ്ടായി. സംസ്ഥാന മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞ ലംഘനം നടത്താന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

നേരത്തെ തന്നെ നിയമത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉൾപ്പെടെ പത്തോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇവർക്കുള്ള മറുപടിയായി ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.