പൗരത്വ ഭേദഗതി;പ്രതിഷേധക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ വെടിവെച്ചു കൊല്ലാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

single-img
17 December 2019

ദില്ലി:പൗരത്വഭേദഗതിയ്ക്ക് എതിരെ സമരം ചെയ്യുന്നവര്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഉടന്‍ വെടിവെക്കണമെന്ന് കേന്ദ്രറെയില്‍വേ വകുപ്പ് സഹമന്ത്രി സുരേഷ് അംഗദി. പൊതുമുതല്‍ ആരെങ്കിലും നശിപ്പിച്ചാല്‍ അവരെ ഉടന്‍ വെടിവെച്ചുകൊല്ലാമെന്ന് താന്‍ ജില്ലാഭരണകൂടത്തിനും റെയില്‍വേ അധികൃതരോടും കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിര്‍ദേശം നല്‍കിയതായി അദേഹം വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ആസാമിലുമൊക്കെ പ്രതിഷേധക്കാര്‍ കാരണം റെയില്‍വേക്ക് നഷ്ടം നേരിടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. പതിമൂന്ന് ലക്ഷം ജീവനക്കാര്‍ റെയില്‍വെ ശുചിത്വത്തിനായി ജോലിചെയ്യുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഒത്താശയോടെ ചില സാമൂഹ്യവിരുദ്ധര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.

ലക്ഷകണക്കിന് ആളുകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന പൗരത്വ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്ട്രറിനുമെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അസമില്‍ നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ സ്റ്റേഷന് നേരെയും അക്രമമുണ്ടായിരുന്നു.