ഹർത്താലിനെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ കേരള ജനത തള്ളിക്കളയണം; സംയുക്ത സമിതി

single-img
16 December 2019

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയും എന്‍.ആർ.സിക്കെതിരെയുമുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ കേരളത്തിന്റെ കണ്ണി ചേരലായി നാളത്തെ ഹർത്താൽ മാറുമെന്ന് സംയുക്ത സമിതി നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജാമിഅ മില്ലിയ, ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്സിറ്റി, അലിഗഢ്, ചെന്നെ ഐ.ഐ.ടി, മുംബൈ ടിസ് അടക്കം രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാർഢ്യമാണ് ഈ ഹർത്താല്‍. രാജ്യത്തെ പൗരൻമാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷേഭങ്ങളെ പോലീസിനെയും കേന്ദ്ര സേനകളെയും ഉപയോഗിച്ച് ചോരയിൽ മുക്കിക്കൊല്ലാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. വിദ്യാർഥിനികളെ വരെ പൊതുനിരത്തിൽ അക്രമിക്കുകയാണ്. ഈ സമഗ്രാധിപത്യ വാഴ്ചക്കെതിരെ നവോത്ഥാന കേരളത്തിന് ഒരുമിച്ച് പ്രതിഷേധിക്കാനുള്ള സന്ദർഭമാണ് നാളത്തെ ഹർത്താലെന്നും സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

ഹർത്താല്‍ നടത്തുന്ന സംഘടനകളോ അവരുടെ പ്രവർത്തകരോ ഏന്തെങ്കിലും അക്രമ പ്രവർത്തനമോ ബലപ്രയോഗമോ ഹർത്താലിന്‍റെ പേരില്‍ നടത്തില്ലെന്നും നേതാക്കൾ അറിയിച്ചു.

ശബരിമല തീർത്ഥാടകർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകില്ല. റാന്നി താലൂക്കിനെ സമ്പൂർണമായി ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കോ ഒരു തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹർത്താൽ നടക്കുകയെന്നും . എന്‍.ആർ.സി, പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരെയുള്ള കേരളത്തിന്‍റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബർ 17ലെ ഹർത്താലിനെ മാറ്റിയെടുക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും സംയുക്ത സമിതി നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍പാര്‍ട്ടി, ബി.എസ്.പി,ഡി.എച്ച്.ആര്‍.എം എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.