അയോധ്യ: പുന:പരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; നിലവിലെ വിധി നടപ്പിലാക്കാന്‍ ഉത്തരവ്

single-img
12 December 2019

അയോധ്യകേസിൽ ഭരണ ഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉൾപ്പെടെ നല്‍കിയ ഹർജികൾ സുപ്രീം കോടതി തള്ളി. ഹർജികൾ കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ തള്ളിയത്. വിവിധ മുസ്‌ലിം സംഘടനകൾനല്‍കിയത് ഉൾപ്പെടെ 18 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പാകെ ഉണ്ടായിരുന്നത്.

ഈ മാസം ഒൻപതിന് കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കണം എന്ന് ഉത്തരവിട്ടാണ് ഹര്‍ജികൾ തള്ളിയത്.രാജ്യത്തെ പ്രധാനപ്പെട്ട സമുദായ സംഘടനകളായ ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത് എന്നിവർക്ക് പുറമെ രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ എന്നിവരും നൽകിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേയുടെ ചേംബറില്‍ ഇന്ന് പരിഗണിച്ചത്.

അയോധ്യയിലെ തർക്കം നിലനിന്ന ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.