കുട്ടികള്‍ മണ്ണ്തിന്ന സംഭവം പരസ്യമാക്കിയ ശിശുക്ഷേമസമിതി സെക്രട്ടറി രാജിവെച്ചു;രാജി സിപിഐഎമ്മിന്റെ ആവശ്യപ്രകാരം

single-img
11 December 2019

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച് എസ് പി ദീപക്. കൈതമുക്കില്‍ കുട്ടികള്‍ വിശപ്പു സഹിക്കാനാകാതെ മണ്ണ് വാരിതിന്നുവെന്ന സംഭവത്തില്‍ സിപിഐഎം വിശദീകരണം ചോദിച്ചതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയെ നേരില്‍കണ്ടാണ് രാജിസമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് രാജിയെന്നും എസ്.പി ദീപക് അറിയിച്ചു.ഈ കുടുംബത്തിന്റെ ദുരവസ്ഥ അറിയിച്ചത് സിപിഐഎം ലോക്കല്‍കമ്മറ്റി സെക്രട്ടറി അടക്കമുള്ളവരാണെന്നും അവര്‍ നല്‍കിയ പരാതിയിലും സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിലും കുട്ടികള്‍ മണ്ണ് തിന്നതായി പറഞ്ഞിരുന്നു. അക്കാര്യമാണ് താന്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ തെറ്റാണെന്ന് ബോധ്യമായി.

കൈതമുക്കില്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുന്നതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും അദേഹം പറഞ്ഞു.കൈതമുക്കില്‍ ദാരിദ്ര്യം കാരണം നാലുമക്കളെ മാതാവ് ശിശുക്ഷേമ സമിതിക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ വിശപ്പ് സഹിക്കാനാകാതെ മണ്ണ് വാരിത്തിന്നു എന്ന പരാമര്‍ശം പങ്കുവെച്ചത് സെക്രട്ടറിയായിരുന്ന ദീപക് ആയിരുന്നു. ഇതേതുടര്‍ന്ന് വന്‍ കോലാഹലമാണ് സിപിഐഎമ്മിലുണ്ടായത്. അതേസമയം ബാലാവകാശ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ കുട്ടികള്‍ ആരോഗ്യവാന്മാരാണെന്നും മണ്ണുവാരിത്തിന്നിട്ടില്ലെന്നും കണ്ടെത്തി. ഈ വിഷയത്തില്‍ ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും രണ്ട് തട്ടിലായിരുന്നു . ഇതേതുടര്‍ന്ന് ബാലാവകാശ കമ്മീഷനൊപ്പം നിന്ന സിപിഐഎം ശിശുക്ഷേമസമിതിയോട് വിശദീകരണം തേടി. തുടര്‍ന്നാണ് തെറ്റ് തന്റേതാണെന്ന് ഏറ്റുപറഞ്ഞ് സെക്രട്ടറി രാജിവെച്ചത്.