ജെഎൻയു സമരം: അധികൃതർക്ക് ക്യാംപസിൽ ജോലിക്ക് എത്താൻ സുരക്ഷ നൽകണമെന്ന് ദില്ലി ഹൈക്കോടതി

single-img
11 December 2019

ഹോസ്റ്റല്‍ ഫീസ്‌ വര്‍ദ്ധനവിനെതിരെയും വിസിയെയും പുറത്താക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന ജെഎന്‍യുവില്‍ നാളെ മുതൽ സുരക്ഷ ഒരുക്കാൻ ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. ജോലിക്കെത്തുന്ന സര്‍വകലാശാല വൈസ് ചാന്‍സിലര്‍, രജിസ്ട്രാർ, മറ്റ് ഓഫീസ് ജീവനക്കാർ എന്നിവര്‍ക്ക് സുരക്ഷ നൽകണമെന്നാണ് കോടതി ദില്ലി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ക്യാംപസിന്റെ സുഗമമായ പ്രവർത്തനം പോലീസ് ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അതേപോലെ തന്നെ നിലവിലുള്ള പ്രശ്നങ്ങള്‍ ചർച്ചകൾ നടത്തി പരിഹരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സര്‍വകലാശാലയില്‍ നാളെ സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിര്‍ദ്ദേശം.ഇപ്പോള്‍ പ്രശ്നപരിഹാരത്തിനായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അധികൃതരും ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും തമ്മിൽ ചർച്ച തുടരുകയാണ്.

ഹോസ്റ്റല്‍ ഫീസ് വർദ്ധനയെ തുടർന്ന്‌ ഒരു മാസത്തിലേറെയായി ജെഎന്‍യുവില്‍ വിദ്യാർത്ഥികൾ സമരത്തിലാണ്. സമരത്തെ തുടര്‍ന്ന് രണ്ട് തവണ അധികൃതര്‍ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർദ്ധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. വിദ്യാർത്ഥികള്‍ നയിക്കുന്ന സമരത്തിന്‌ പിന്തുണയുമായി ജെഎൻയു അധ്യാപക സംഘടനയും രംഗത്തുണ്ട്.