രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

single-img
11 December 2019

പൗരത്വഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ബില്‍ പാസാക്കാനാവശ്യമായ അംഗ സംഖ്യ രാജ്യസഭയിലും ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഉണ്ട്.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്ത്‌ വോട്ടുചെയ്യുമെന്ന്‌ വ്യക്തമാക്കിയത്‌ സര്‍ക്കാരിന്‌ ക്ഷീണമായി. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ എന്‍സിപിയും കോണ്‍ഗ്രസും രംഗത്തുവന്നതോടെയാണ്‌ ശിവസേനയുടെ നിലപാടുമാറ്റം.

കടുത്ത പ്രതിഷേധമാണ് ബില്ലിനെതിരെ ഉയര്‍ന്നിരിക്കുന്നത്‌. അസമില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബന്ദായിരുന്നു. അരുണാചല്‍പ്രദേശ്‌, മിസോറം, മണിപ്പുര്‍ എന്നിവിടങ്ങളിലും ബന്ദ്‌ പൂര്‍ണമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം ഉയര്‍ത്തി. രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നു.