ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങി; ബംഗളുരു സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്ന് 40000 രൂപ തട്ടിയെടുത്തു

single-img
10 December 2019

ബംഗളുരു: ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിക്ക് നാല്‍പതിനായിരം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി. ബംഗളുരു എച്ച്എസ്ആര്‍ ലേ ഔട്ടിലെ താമസക്കാരി ശ്രീലക്ഷ്മിയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ജീവനക്കാരനെന്ന വ്യാജേന എത്തിയ യുവാവിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതാണ് പ്രശ്നമായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഓണ്‍ലൈന്‍ വഴി ശ്രീലക്ഷ്മി പുതപ്പ് ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ സാധനം ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ആമസോണ്‍ ജീവനക്കാരനെന്ന് പരിചയപ്പെടുത്തി ഒരു യുവാവ് പുതപ്പ് തിരിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ പണം തിരിച്ച് ലഭിച്ചില്ല. പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പണം തിരികെ നല്കാന്‍ സാധിക്കാതെ വന്നതില്‍ ക്ഷമ ചോദിക്കുകയും ഒരു ഫോറം പൂരിപ്പിച്ച് നല്‍കാനും ആവശ്യപ്പെട്ടു. ഈ ഫോറം മറ്റൊരു നമ്പറിലേക്ക് അയക്കാനും നിര്‍ദേശിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഈ ഫോറത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ അക്കൗണ്ടില്‍ നിന്ന് നാല്‍പതിനായിരം രൂപ പിന്‍വലിക്കപ്പെട്ടു. ഇതിനിടെ ഒടിപി വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ശ്രീലക്ഷ്മി പൊലീസിനോട് പറഞ്ഞു. അതേസമയം ആമസോണില്‍ പര്‍ച്ചേസ് നടത്തിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ എങ്ങിനെ അപരിചിതര്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുകയാണ് പോലീസ്.