പ്രീ വെഡ്ഡിംഗ് ഫോട്ടോഗ്രഫിക്ക് നിരോധനവുമായി സമുദായ പഞ്ചായത്തുകള്‍

single-img
10 December 2019

വിവാഹത്തിന് മുൻപായി നടത്തുന്ന ചടങ്ങുകള്‍ക്ക് ഫോട്ടോകൾ എടുക്കുന്നതിനെ നിരോധിച്ച് ഉത്തരവിറക്കി സമുദായ പഞ്ചായത്തുകള്‍. മധ്യപ്രദേശിലെ ഭോപ്പാലിലെ സമുദായ പഞ്ചായത്തുകളാണ് തീരുമാനവുമായി രംഗത്തെത്തിയത്. ഇവിടെയുള്ള ജൈന, ഗുജറാത്തി, സിന്ധ്യ സമുദായങ്ങളുടെ പഞ്ചായത്തുകളാണ് ഈ തീരുമാനമെടുത്തത്.

ജൈന, ഗുജറാത്തി, സിന്ധ്യ സമുദായത്തില്‍പ്പെട്ടവരുടെ വിവാഹത്തിന് മുൻപായി നടക്കുന്ന ചടങ്ങുകളില്‍ ഇനി ഫോട്ടോഗ്രഫി ഉണ്ടാവരുത് എന്നാണ് പഞ്ചായത്തുകളുടെ നിർദ്ദേശം. അതേപോലെ തന്നെ വിവാഹത്തിന് പുരുഷ നൃത്ത സംവിധായകന്‍ പങ്കെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ തീരുമാനം ജയിന്‍ സമുദായ പഞ്ചായത്താണ് കൈക്കൊണ്ടത്.

പലപ്പോഴും വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ബന്ധം തകരുന്നതിലേക്ക് ഫോട്ടോഗ്രഫി കാരണം എത്തുന്നതിനാലാണ് ഇവ നിരോധിച്ചതെന്ന് ഭോപ്പാല്‍ ഗുജറാത്ത് കമ്മ്യൂണിറ്റി പ്രസിഡണ്ട് സഞ്ജയ് പട്ടേല്‍ പറഞ്ഞു. ഏതെങ്കിലും കാരണത്താൽ സമുദായത്തിലെ ആരെങ്കിലും ഈ ഉത്തരവുകളെ തള്ളിക്കളഞ്ഞാൽ അവരെ സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു.