സ്ത്രീ സുരക്ഷയുടെ കാര്യം മിണ്ടരുത്! പശു സുരക്ഷയ്ക്കായി ‘സഫാരി പശു’ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

single-img
9 December 2019

‘പശു സഫാരി’പദ്ധതിയുമായി യോഗി സര്‍ക്കാര്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ പരിപാലനവും മെച്ചപ്പെട്ട സുരക്ഷയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരിയാണ് പുതിയപദ്ധതി അവതരിപ്പിച്ചത്. എല്ലാ പശുക്കളെയും ഒരുസ്ഥലത്ത് തന്നെ ഒരുമിച്ച് കൂട്ടിയാല്‍ നല്ല സൗകര്യങ്ങളും മറ്റും ഒരുക്കിനല്‍കാനാകും. ക്രമേണ ഇതൊരു ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുമാകും. ആളുകള്‍ മറ്റ് മൃഗങ്ങളുടെ സഫാരി കാണാന്‍ പോകുന്നത് പോലെ ടൂറിസ്റ്റുകള്‍ക്ക് പശു സഫാരി കാണാന്‍ സാധിക്കുന്ന വിധത്തിലുള്ള ടൂറിസം പ്രൊജക്ടായിരിക്കും ഇതെന്നും അദേഹം പറഞ്ഞു.

പശു സംരക്ഷണത്തിനായി യോഗി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിവിധ ഘട്ടങ്ങളാണിത്. യോഗി സര്‍ക്കാര്‍ പശു സംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്. അവയെ സംരക്ഷിക്കുന്നത് തങ്ങളുടെ ചുമതലയാണെന്നും മന്ത്രി വ്യക്തമാക്കി. ബാരാബംഗി, മഹാരാജ്ഗഞ്ച് പോലെ വലിയരീതിയിലുള്ള ഫാമുകളാണ് തങ്ങള്‍ സ്ഥാപിക്കുക. 15000 മുതല്‍ 25000 പശുക്കള്‍ ഈ സഫാരി പാര്‍ക്കിലുണ്ടായിരിക്കും. പശുക്കളുടെ ചാണകവും മറ്റും ഉപയോഗിച്ച് വന്‍ രീതിയിലുള്ള ഊര്‍ജോല്‍പ്പാദന പ്ലാന്റുകളും അനുബന്ധമായി സ്ഥാപിക്കും.ഗ്രാമങ്ങളിലും മറ്റും അലഞ്ഞു നടക്കുന്ന പശുക്കളെ ഈ ഫാമില്‍ കൊണ്ടുവന്ന് പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഉന്നാവോ അടക്കം നിരവധി സ്ത്രീപീഡനക്കേസുകളും ബലാല്‍സംഗക്കേസുകളും പതിവാകുന്ന ഒരു സംസ്ഥാനം കൂടിയാണ് യുപി. സ്ത്രീ സുരക്ഷയ്ക്കായി യാതൊരു നടപടികളും സ്വീകരിക്കാത്ത സര്‍ക്കാര്‍ പശുക്കളുടെ കാര്യത്തില്‍ കാണിക്കുന്ന അമിത താല്‍പ്പര്യം ചര്‍ച്ചയാകുകയാണ്.