പോക്‌സോ കേസുകള്‍ 2 മാസത്തിനകം തീര്‍പ്പാക്കണം :കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്

single-img
8 December 2019

ദില്ലി: കുട്ടികള്‍ ഇരയാകുന്ന ലൈംഗിക പീഡനക്കേസുകള്‍ രണ്ട് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് എഴുതുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ചില കേസുകളുടെ വിചാരണങ്ങള്‍ ആറുമാസത്തിനകം തന്നെ പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമവും ബലാല്‍സംഗക്കേസുകളും ദൗര്‍ഭാഗ്യകരവും അത്യന്തം അപലപനീയവുമാണെന്നും മന്ത്രി പറഞ്ഞു.

ഇത്തരം ക്രൂരകുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ നീതിന്യായ വ്യവസ്ഥയിലൂടെ തന്നെ ശിക്ഷിക്കപ്പെടണം. മുഖ്യമന്ത്രിമാര്‍ക്കു് പോക്‌സോ കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതുമെന്നും അദേഹം വ്യക്തമാക്കി.പോക്‌സോ കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് താന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകള്‍ എളുപ്പം തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോട് താന്‍ ശുപാര്‍ശ ചെയ്തതായും അദേഹം വ്യക്തമാക്കി. ഹൈദരാബാദ്,ഉന്നാവോ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.