25 ലക്ഷം രൂപയും വീടും; ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍

single-img
7 December 2019

കൊലചെയ്യപ്പെട്ട ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാർ.
സംസ്ഥാന സർക്കാർ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും വീടും നല്‍കും. കൊലപാതക കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കിയെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് ഉന്നാവിലെ യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി എത്തിയ യുപി മന്ത്രിമാരെയും എംപിയെയും ജനങ്ങള്‍ തടഞ്ഞിരുന്നു. സംസ്ഥാന മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍ എന്നിവര്‍ക്കും ബിജെപി എംപി സാക്ഷി മഹാരാജിനുമാണ് ജനങ്ങളുടെ രോഷപ്രകടനം നേരിടേണ്ടിവന്നത്.

പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് മന്ത്രിമാര്‍ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. പെണ്‍കുട്ടിയുടെ മരണകാരണം മാരകമായ പൊള്ളലേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു . ശരീരത്തില്‍ എവിടെയും വിഷാംശത്തിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

എൺപത് ശതമാനത്തിലധികം ഗുരുതരമായ പൊള്ളലേറ്റ് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 23കാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇവരെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് യുവതിയെ പെട്രോളൊഴിച്ച്‌ കത്തിച്ചത്.