താന്‍ ഇതുവരെ ഒരു ഉള്ളി രുചിച്ചുനോക്കിയിട്ടു പോലുമില്ല; വിപണിവില അറിയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

single-img
5 December 2019

താന്‍ ഉള്ളി കഴിക്കാറില്ല എന്നതിനാൽ വില കൂടിയത് തന്നെ ബാധിക്കില്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സമാനമായ പ്രസ്താവനയുമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രംഗത്തെത്തി.

രാജ്യത്തെ വർദ്ധിച്ചുവരുന്ന ഉള്ളിവിലയെക്കുറിച്ച് സംസാരിക്കവേ താൻ ഒരു സസ്യഭുക്കാണ് എന്നും ഇതുവരെ ഒരു ഉള്ളി രുചിച്ചുനോക്കിയിട്ടു പോലുമില്ല. പിന്നെ എങ്ങിനെയാണ് തന്നെപ്പോലെ ഒരാൾ ഉള്ളിയുടെ വിപണിവിലയെക്കുറിച്ച് അറിയാന്‍ കഴിയുക എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

രാജ്യമാകെ ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം ആദ്യം പുറത്തുവന്നത്. ഉള്ളിയുടെ വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

രാജ്യത്ത് ഇപ്പോൾ ഉള്ളിയുടെ വില 110 മുതല്‍ 160 രൂപവരെയാണ്. ഉള്ളിയുടെ ബന്ധപ്പെട്ട ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുകയെന്നും ധനമന്ത്രി അറിയിച്ചിരുന്നു.