‘പോണ്‍ സൈറ്റുകള്‍ നിരോധിക്കുകയല്ല വേണ്ടത്, കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പു വരുത്തണം’; വൈറലായി സയനോരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

single-img
4 December 2019

തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വെറഅറിനറി ഡോക്ടര്‍ക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഗായിക സയനോര.

യുവതിക്ക് നീതി ലഭിക്കണമെന്നും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സയനോര പറയുന്നു.ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സയനോര പ്രതികരിച്ചത്.

പ്രിയങ്ക റെഡ്‌ഡിയുടെ കൂട്ട ബലാത്സംഗം 8 മില്യൺ ആളുകൾ പോൺ സൈറ്റുകളിൽ തിരഞ്ഞു അത്രേ!! എങ്ങോട്ടേക്കാണ് നമ്മൾ പോവുന്നത്? ഇത്…

Posted by Sayanora Philip on Tuesday, December 3, 2019

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘പ്രിയങ്ക റെഡ്ഡിയുടെ കൂട്ടബലാത്സംഗം 8 മില്യണ്‍ ആളുകള്‍ പോണ്‍ സൈറ്റുകളില്‍ തിരഞ്ഞു അത്രേ എങ്ങോട്ടേക്കാണ് നമ്മള്‍ പോവുന്നത്? ഇത് തിരഞ്ഞു നടക്കുന്നവര്‍ക്ക് അത് തന്നെ അല്ലെ സമൂഹം പഠിപ്പിച്ചു കൊടുത്തിട്ടുള്ളത്?
തങ്ങള്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ഡ്രെസ്സുകള്‍ ഇടാതിരിക്കണം, ഏതു സമയത് യാത്രകള്‍ ചെയ്യരുത്, സിനിമ തീയേറ്ററില്‍ എങ്ങനെ പെരുമാറണം എന്നിങ്ങനെ ഒരു കൂട്ടം DO’S and Dont’s പെണ്‍കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കുന്നുണ്ട്. പക്ഷെ ഒരു പെണ്ണിനെ എങ്ങനെ ആണ് കാണേണ്ടത് എന്ന് നമ്മള്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് കൊടുത്ത ക്ലാസുകള്‍ എവിടെ?
അവളെ ഒരു സഹയാത്രികയായി, സുഹൃത്തായി, കൂടപ്പിറപ്പായി നല്ല കട്ടക്ക് നില്‍ക്കുന്ന പെണ്‍ കരുത്തായി ഒക്കെ ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ നമ്മള്‍? ഇവിടെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുക അല്ല വേണ്ടത്. എല്ലാ സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കുകയാണ് ചെയ്യേണ്ടത്.പ്രായപൂര്‍ത്തിയാവുന്ന കുട്ടികള്‍ക്കു കര്‍ശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്. അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാന്‍ പറ്റും’.