സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ തടയണം; ഹര്‍ജി ഹൈക്കോടതി തള്ളി

single-img
4 December 2019

തന്റെ സന്യാസ ജീവിതത്തിലെ അനുഭവങ്ങൾ തുറന്നെഴുതിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ ഹർജിക്കാരന് പോലീസിനെ സമീപിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

വിഷയത്തിൽ സിസ്റ്റര്‍ ലൂസി കളപ്പുര, പുസ്തകം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ്, ഡിജിപി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കി എസ്എംഐ സന്യാസിനി സഭാംഗമായ സി ലിസിയ ജോസഫായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിസ്റ്റർ ലൂസി പുസ്തകത്തിൽ നടത്തിയ പരാമര്‍ശങ്ങള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

താൻ സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല്തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് പേരിട്ട ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയിരുന്നു. സന്യാസിനികളുടെ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നുപറഞ്ഞത്.

മഠത്തില്‍ താമസിച്ചിരുന്നതിൽ ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. അതുപോലെ തന്നെ കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.