തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞുങ്ങളെയും മർദ്ദിച്ച പിതാവിനെതിരെ ക്രിമിനൽ കേസ്: ദുരിതത്തിൽ നിന്നും കൈപിടിച്ചു കയറ്റി സർക്കാർ • ഇ വാർത്ത | evartha Criminal case against father for domestic violence in Thiruvananthapuram
Breaking News, Kerala

തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞുങ്ങളെയും മർദ്ദിച്ച പിതാവിനെതിരെ ക്രിമിനൽ കേസ്: ദുരിതത്തിൽ നിന്നും കൈപിടിച്ചു കയറ്റി സർക്കാർ

തിരുവനന്തപുരം: കൈതമുക്കിലെ പുറമ്പോക്ക് കോളനിയില്‍ ദുരവസ്ഥയിലായ കുടുംബത്തിലെ കുട്ടികളുടെ അച്ഛനെതിരെ ക്രിമിനല്‍ കേസെടുക്കും. അമ്മയും ആറു കുട്ടികളും ക്രൂരമര്‍ദനത്തിന് ഇരയായെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം  ദുരിതത്തിലായ അമ്മയും കുഞ്ഞുങ്ങളും സർക്കാർ സംരക്ഷണത്തിൽ പുതു ജീവിതം തുടങ്ങി. നഗരസഭാ ശുചീകരണ വിഭാഗത്തിൽ ജോലി ‍നല്‍കിക്കൊണ്ടുള്ള ഉത്തരവ് മേയർ യുവതിക്ക് കൈമാറി. റയിൽവേ പുറമ്പോക്കിലെ മുഴുവൻ കുടുംബങ്ങളുടേയും സ്ഥിതി പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അമ്മയ്ക്കും ആറു കുഞ്ഞുങ്ങൾക്കും പുതു ജന്മത്തിലേയ്ക്കുള്ള കൈത്താങ്ങാണിത്.  ദിവസം 650 രൂപ വേതനത്തിൽ നഗരസഭാ ശുചീകരണ വിഭാഗത്തിൽ യുവതിക്ക് ജോലി നല്കി.

അമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും മഹിളാമന്ദിരത്തിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന നാലു മക്കളെ എസ്എടിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. അമ്മയും കുഞ്ഞുങ്ങളും കഷ്ടതയിൽ കഴിഞ്ഞ സംഭവം പൊതുപ്രവർത്തകരുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

എല്ലാ വീട്ടിലും കയറി പരിശോധിക്കുക പ്രായോഗികമല്ലെന്നായിരുന്നു സ്ഥലം എംഎൽഎ വി എസ് ശിവകുമാറിന്റെ പ്രതികരണം. കുട്ടികളെ ഉപദ്രവിച്ചതിന് പിതാവിനെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി ശുപാർശ ചെയ്യും.