കല്ലട ബസ് കാറിലിടിച്ച് അപകടം; ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്

single-img
2 December 2019

തിരുവനന്തപുരം: ദീര്‍ഘദൂര സ്വകാര്യബസ് കല്ലട അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കഴക്കൂട്ടത്ത് എത്തിയ ബസ് ഒരു കാറിനെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്നുള്ള പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആളപായം രേഖപ്പെടുത്തിയിട്ടില്ല. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെയും കല്ലട ട്രാവല്‍സ് ബസ് അധികൃതര്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്.കഴിഞ്ഞ ദിവസമാണ് ഒരു യാത്രക്കാരി കല്ലട ബസില്‍ യാത്രക്കിടെ തനിക്ക് നേരെ പീഡനശ്രമം ഉണ്ടായതായി പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു.