വയനാട് ചുരത്തിലൂടെ യുവാക്കളുടെ സാഹസികയാത്ര; വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

single-img
2 December 2019

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള താമരശേരി ചുരം പാതയിൽ സാഹസികയാത്ര നടത്തിയ കാര്‍ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 2001 മോഡൽ സാൻട്രോ കാറാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ ഉടമ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അതേസമയം സംഭവം നടക്കുമ്പോൾ വാഹന ഉടമ തന്നെയാണ് ഡ്രൈവ് ചെയ്തിരുന്നത് എന്ന് കണ്ടെത്തി.ഉടമയായ ഷബീറിന്‍റെ ലൈസന്‍സ് നാളെ മുതല്‍ താല്‍കാലികമായി സസ്പെന്‍റ് ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് താമരശേരി ചുരത്തിന്‍റെ അഞ്ചാം വളവിലൂടെ, കാറിന്‍റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്.

ഈ വാഹനത്തിന്റെ പിന്നാലെ വന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വയനാട് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തെ തുടർന്ന് കാറിന്‍റെ ഉടമയായ പേരാമ്പ സ്വദേശി ഷബീറിനോട് ഇന്ന് വാഹനവുമായി നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ വെച്ചായിരുന്നു വാഹനം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ചുരത്തില്‍ അപകടകരമായ രീതിയിൽ വാഹനമോടിച്ചത് ഷബീര്‍ തന്നെയെന്ന് ബോധ്യമായതോടെ നാളെ ലൈസന്‍സുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം കൂടുതൽ വിശദമായി പരിശോധിച്ച് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.