മഹാരാഷ്ട്ര: ഉദ്ധവ് ഠാക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
28 November 2019

നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് ഠാക്കറെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിൽ ഠാക്കറെയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യാ പ്രതിജ്ഞാ ചടങ്ങിൽ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവും ഉദ്ധവിന്റെ ബന്ധുവുമായ രാജ് ഠാക്കറെ, ഉദ്ധവിന്റെ ഭാര്യ രശ്മി ഠാക്കറെ, മകന്‍ ആദിത്യ ഠാക്കറെ, തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, പാര്‍ട്ടി നേതാവ് ടിആര്‍ ബാലു, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍, എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത്, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി എന്നിവർ പങ്കെടുത്തു.

ഉദ്ധവ് മന്ത്രിസഭയായ മഹാ വികാസ് ആഘാടി സഖ്യത്തില്‍ ശിവസേനയ്ക്കും എന്‍സിപിക്കും 15 മന്ത്രിമാര്‍ വീതമുണ്ടാകും. കോണ്‍ഗ്രസിന് 13 മന്ത്രിമാരാകും ഉണ്ടാകുക. എന്‍സിപി നേതാവായ പഫുല്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനം അലങ്കരിക്കും.