ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദു:ഖദിനം;പ്രജ്ഞയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

single-img
28 November 2019

ദില്ലി: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ രാഹുല്‍ഗാന്ധി. ഭീകരവാദിയായ പ്രജ്ഞ ഭീകരവാദിയായ ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ചിരിക്കുന്നു. ബിജെപിയുടെയും സംഘപരിവാറിന്റെയും മനസാണ് അവര്‍ക്ക്, ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ ദുഖദിനമാണിത്. അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തന്റെ സമയം വൃഥാവിലാക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.

ആര്‍എസ്എസിന്റെയുംബിജെപിയുടെയും ആശയമാണ് അവര്‍ പറയുന്നത്. അത് മറച്ചുവെക്കാന്‍ അവര്‍ക്കാകില്ലെന്നും അദേഹം വ്യക്തമാക്കി. ബുധനാഴ്ച പാര്‍ലമെന്റില്‍ എസ്പിജി ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ വിവാദ പ്രസ്താവന നടത്തിയത്. അവരുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷകക്ഷികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. അതേസമയം പാര്‍ട്ടിക്ക് പ്രജ്ഞയുടെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിരോധമന്ത്രാലയത്തിന്റെ ഉപദേശക പാനലില്‍ നിന്ന് ഇവരെ പുറത്താക്കി.