ചിലി, ബൊളീവിയ, ഇക്യുഡോര്‍, കൊളംബിയ; സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു

single-img
24 November 2019

ലോകരാജ്യങ്ങളിൽ ഇറാഖ് , ഇറാന്‍, ലെബനന്‍, എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ സർക്കാരുകൾക്കെതിരെ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. സമാനമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പ്രക്ഷോഭം ഒന്നിൽ നിന്നും അടുത്തത് എന്ന രീതിയിൽ രാജ്യങ്ങളിലേക്ക് പടരുകയാണ്. പ്രധാനമായും ചിലി, ബൊളീവിയ, ഇക്യുഡോര്‍ കൊളംബിയ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്.

ചിലിയിൽ ഭരണകൂടം മെട്രോ സര്‍വ്വീസുകള്‍ക്കേര്‍പ്പെടുത്തിയ ചാര്‍ജ് വര്‍ധനവാണ് പ്രക്ഷോഭത്തിന് കാരണമായത്. ഇവിടെ വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തിന് തുടക്കമിട്ടത്. തുടർന്ന് അടിയന്തരാവസ്ഥയും പ്രഖ്യാപിക്കേണ്ടി വന്നു.

ചിലിയുടെ പ്രസിഡന്റായ സെബാസ്റ്റ്യന്‍ പിനേര പ്രക്ഷോഭകരെ ക്രിമിനല്‍സ് എന്നാണ് വിശേഷിപ്പിച്ചത്. ഒടുവിൽ പ്രക്ഷോഭം അടിച്ചമര്‍ത്താനാകാതെ വന്നപ്പോള്‍ പിനേരക്ക് മന്ത്രി സഭ തന്നെ പിരിച്ചു വിടേണ്ടിയും വന്നു.

ബൊളീവിയയിൽ പ്രസിഡന്റായ ഇവോ മൊറാല്‍സിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതോടെയാണ് തെരുവുകളിൽ സംഘര്‍ഷം രൂക്ഷമാവുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാല്‍സ് അട്ടിമറി നടത്തിയാണ് വിജയിച്ചതെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം മൊറാല്‍സിനു നേരെ പ്രതിപക്ഷം തിരിയുകയും. മൊറാല്‍സ് രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.

രാജ്യത്തിന്റെ സൈനിക മേധാവിയായ ഗെന്‍ വില്ല്യംസ് കലിമാന്‍ മൊറാല്‍സിനോട് അധികാരത്തില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ നവംബര്‍ 10 ന് മൊറാല്‍സ് അധികാരമൊഴിയുകയും മെക്‌സിക്കോയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. ഇവിടെനിലവിൽ രാഷ്ട്രീയ അനിശ്ചിത്വം തുടരുകയാണ്.

ഇക്യുഡോറിലാവട്ടെ ഗോത്രവിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ഇന്ധന സബ്‌സിഡി എടുത്തുകളയാന്‍ ഒക്ടോബര്‍ മൂന്നിന് പ്രസിഡന്റ് ലെനിന്‍ മൊറെനൊ തീരുമാനിച്ചതോടെയാണ് ജനങ്ങൾക്കിടയിൽ പ്രക്ഷോഭം തുടങ്ങുന്നത്. പ്രതിഷേധക്കാർക്ക് മുൻപിൽ സബ്‌സിഡി നിര്‍ത്തലാക്കുന്ന ബില്ലില്‍ ചില അയവുകള്‍ വരുത്താം പക്ഷെ ബില്‍ പൂര്‍ണമായും പിന്‍വലിക്കില്ല എന്നാണ് പ്രസിഡന്റ് അറിയിച്ചത്.

കഴിഞ്ഞ 40 വര്‍ഷത്തോളമായി രാജ്യത്തെ ഗോത്രവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയാണ് ലെനിന്‍ മൊറൊനോ ഇല്ലാതാക്കാവന്‍ ശ്രമിച്ചത്. ചരിത്രം നോക്കിയാൽ 1997 മുതല്‍ ഇക്യഡോറിൽ വന്ന മൂന്നു പ്രസിഡന്റുമാരെയാണ് ഇവിടത്തെ ഗോത്ര വിഭാഗ പ്രക്ഷോഭം അധികാരത്തില്‍ നിന്നു തെറിപ്പിച്ചത്.

2005 ല്‍ വലത് പക്ഷക്കാരനായ ലുസിയോ ഗുട്ടറസിനെ പുറത്താക്കിയതാണ് ഇതില്‍ അവസാനത്തേത്. രാജ്യത്ത് ഇക്കുറി ഗോത്രവിഭാഗക്കാര്‍ക്കൊപ്പം രാജ്യത്തെ തൊഴിലാളി സംഘടനകളും വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടു എന്ന പ്രത്യേകതയും ഉണ്ടായി.

കൊളംബിയയിൽ വലതുപക്ഷ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് ഇവാന്‍ ഡ്യൂകിനെതിരെയുമാണ് ജനങ്ങളുടെ പ്രക്ഷോഭം. ഏകദേശം രണ്ടരലക്ഷം പേരാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കു കൊണ്ടത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലാളികൾക്ക് മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, നികുതി പരിഷ്‌കരണം തുടങ്ങിയവയാണ് കൊളംബിയന്‍ ജനതയുടെ ആവശ്യങ്ങള്‍.